കരുവഞ്ചാൽ: കർണാട്ടിക് സംഗീതത്തിന്റെ സാധ്യതകൾ ഫ്യൂഷൻ സംഗീതത്തിൽ സമന്വയിപ്പിച്ച് മലയാളി ശ്രദ്ധേയനാകുന്നു. യുകെയിൽ താമസക്കാരനും ഒരു പതിറ്റാണ്ടിലേറെയായി കർണാട്ടിക് സംഗീത ലോകത്ത് സജീവവുമായ വായാട്ടുപറന്പിലെ കൈതക്കൽ അഭിനവ് ജോർജ് ഷാജിയാണ് ഫ്യൂഷൻ സംഗീതത്തിൽ പുതിയ പരീക്ഷണത്തിലൂടെ ശ്രദ്ധേയനാകുന്നത്.
മലയാളം, ഇംഗ്ലീഷ്, സംസ്കൃതം എന്നീ ഭാഷകൾക്കിടയിൽ ഒരേ വരിയിൽ തന്നെ മാറിമാറി സഞ്ചരിക്കുന്ന ഫ്യൂഷൻ സംഗീതമാണ് അഭിനവിന്റെ പുതിയ റിലീസുകളുടെ പ്രത്യേകത.
"സൗണ്ട് ഓഫ് ട്രീസ്", "പിവിഎൻ" എന്നീ പ്രശസ്ത ബാൻഡുകളുടെ വോക്കലിസ്റ്റായി പ്രവർത്തിച്ചു വരികയാണ് അഭിനവ്. "മിക്ക ഫ്യൂഷൻ സംഗീതവും താളത്തിനെയോ ഉപകരണങ്ങളെയോ ആശ്രയിക്കുന്പോൾ പരിശീലനത്തിലൂടെ ലഭിച്ച അച്ചടക്കമുള്ള ശബ്ദം കൊണ്ട് പുതിയ ലോകത്തെ അതിജീവിക്കാനാവുമോ എന്ന പരീക്ഷണമാണ് നടത്തുന്നതെന്ന് അഭിനവ് പറഞ്ഞു.
വായാട്ടുപറന്പിലെ കൈതക്കൽ ഷാജി കെ. ജോർജ്- ലൈ സെബാസ്റ്റ്യൻ ദന്പതികളുടെ മകനാണ്. അഭിനവ്. പ്രശസ്ത സംഗീതജ്ഞൻ ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രന്റെ കീഴിലാണ് കർണാട്ടിക് സംഗീതം അഭ്യസിച്ചത്. ഇപ്പോൾ യുകെയിലെ സൗത്ത് വുഡ്ഫോർഡിലാണ് താമസം.